ഹരിതഭംഗിയില്‍ കുളിച്ചു കുടക് മലക്കാട്

രാത്രി ഒന്പതുമണിക്കുള്ള കണ്ണൂരേക്കുള്ള സ്ലീപ്പർ വോൾവോയിൽ കയറി തിരുവനന്തപുരത്തു നിന്നും യാത്ര തുടങ്ങി. കൂടെ കയറിയതു കണ്ണൂരുകാരനായ ഒരു സുഹൃത്ത്. തലസ്ഥാന നഗരിയിൽ ഒരു ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മന്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി ആയെത്തി ക്ലാസ് എടുത്തു തിരിച്ചു പോകുന്ന വഴി. സംസാരിച്ചുതുടങ്ങേണ്ട താമസം, ഞങ്ങൾ ഒരേ വഞ്ചി തുഴയുന്ന ആളുകൾ തന്നെ എന്ന് തിരിച്ചറിഞ്ഞു. ഞങ്ങൾ ഇരുവരും കടന്ന് പോയ പല യാത്രകളെ കുറിച്ചും വാചാലരായി. രാവിലെ ഒരു ഏഴു ഏഴര ആയപ്പോഴേക്കും അദ്ദേഹത്തോട് യാത്ര പറഞ്ഞു തലശ്ശേരിയിൽ ഇറങ്ങി. പ്രാതൽ അടുത്തുള്ള കടയിൽ കയറി അപ്പവും പയറു കറിയും കൂടെ കിഴങ്ങു കറിയും കഴിച്ചു കുശാൽ ആക്കി.

അവിടെ നിന്നും കുടക് വഴി മൈസൂർ പോകുന്ന ഒരു KSRTC യിൽ കയറി കുളിര്മയാർന്ന ഹരിതഭംഗി ആസ്വദിച്ചു മടിക്കേരിയിൽ (Madikkeri) എത്തി.

ബസ്സ്റ്റാൻഡിൽ നിന്ന് അധികം ദൂരത്തല്ലാതെ വൃത്തിയുള്ള ഒരു ഹോട്ടൽ(Hotel Le Coorg) തിരഞ്ഞെടുത്തു അന്ന് അവിടെ താമസിക്കാൻ തീരുമാനിച്ചു.

അടുത്തുള്ള ഒരു ലഘു ഭക്ഷണശാലയിൽ നിന്നും കഴിച്ചതിനു ശേഷം ഹോട്ടലിൽ വന്നു വിശ്രമിച്ചു.

അടുത്ത ദിവസത്തെ പ്രാതൽ, തങ്ങിയ ഹോട്ടലിൽ നിന്നും ആക്കി, ചുറ്റും ഉള്ള സ്ഥലങ്ങൾ കാണാൻ തീരുമാനിച്ചു.

പ്രഭാത ഭക്ഷണത്തിനു ശേഷം നേരെ ഏറ്റവും അടുത്തുള്ള വിനോദ സഞ്ചാരകേന്ദ്രമായ രാജ സീറ്റ് (Raja's Seat) യിലേക്ക് നടന്നു. പണ്ട് കാലത്തു രാജാക്കന്മാരുടെ ഒരു പ്രധാന വിശ്രമ കേന്ദ്രം ആയിരുന്നു.

അവിടെനിന്നു ചുറ്റുവട്ടത്തുള്ള നടന്നു കാണാൻ പറ്റിയ സ്ഥലങ്ങൾ കണ്ടു നീങ്ങി.

ശ്രീ ഓംകാരേശ്വര ക്ഷേത്രത്തിനടുത്തു നിന്ന് ഒരു ഓട്ടോറിക്ഷയിൽ അബി വെള്ളച്ചാട്ടം ലക്‌ഷ്യം ഇട്ടു നീങ്ങി.

അവിടെനിന്നു ഏകദേശം പത്തു കിലോമീറ്റർ ദൂരം ഉണ്ടായിരുന്നു. കാപ്പിയുടെ മണം പരക്കുന്ന തെരുവുകളിലൂടെ ആയിരുന്നു യാത്ര. അവിടെ ഏറെയും കാപ്പി, ഏലവും പിന്നെ വാനിലെയും ആണ് കൃഷി.

റിക്ഷ നിർത്തിയടുത്തു നിന്നും ഏകദേശം രണ്ടു കിലോമീറ്ററോളം നടക്കാൻ ഉണ്ട്.

ഉച്ചയോടെ പരിസരത്തെ സഞ്ചാരകേന്ദ്രങ്ങൾ ഒക്കെ കണ്ടു ഹോട്ടൽമുറിയിൽ തിരിച്ചെത്തി.

ഉച്ച കഴിയുമ്പോഴേക്കും കുടകിൽനിന്നും 34 കിലോമീറ്റർ അകലെയുള്ള കുശാൽ നഗറിൽ എത്തി.

ബസ് വഴി: മടിക്കേരി -> വിരാജ്പേട്ട (ബസ് സ്റ്റാൻഡ്) -> കുശാൽ നഗർ (Via സിദ്ധപുറ)

അവിടെ നിന്നും ടിബറ്റൻ കോളനിയിൽ ഏതാണ്ട് ഒരു 10 കിലോമീറ്റര് വരും, അത് ഒരു ഓട്ടോയിൽ സഞ്ചരിച്ചു. അവിടുത്തെ ടിബറ്റൻ കോളനിയും ഗോൾഡൻ ടെംപിൾഉം കാണണം.

ടിബറ്റിന്റെ കൊച്ചു പതിപ്പാണ് കുശാൽ നഗർ. വഴി അരികിൽ എല്ലാം മഞ്ഞയും മെറൂണും നിറമുള്ള വസ്ത്രങ്ങൾ ധരിച്ചു മംഗോളിയൻ മുഖമുള്ള മനുഷ്യർ.

ടിബറ്റിൽ ചൈന അധിനിവേശം നടത്തിയപ്പോൾ അവിടം വിട്ടു പോന്ന ബുദ്ധസന്യാസികൾക്കും അനിയായികൾക്കും ഇന്ത്യ അഭയം നൽകി. പ്രധാനമായും രണ്ടിടങ്ങളിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ ധരംശാലയിലും പിന്നെ കർണാടകയിലെ കുശാൽ നഗറിലും.1961ഇൽ ആണ് ടിബറ്റൻ സെറ്റൽമെന്റ് ഇവിടെ സ്ഥാപിച്ചത്.

ആയിരത്തിൽ അധികം ടിബറ്റ് വംശജർ ഇവിടെ താമസിക്കുന്നു. അവരുടെ താമസസ്‌തലത്തോട് ചേർന്നാണ് അതി മനോഹരമായ ഗോൾഡൻ ടെംപിൾ. 1963ഇൽ സ്ഥാപിക്കപ്പെട്ട ബുദ്ധവിഹാരമാണിത്. 'നംഡ്രോളിങ്' എന്നാണ് ഈ ബുദ്ധവിഹാരത്തിന്റെ യഥാർത്ഥ പേര്. സ്വര്ണനിറമുള്ളതുകൊണ്ടു പ്രാദേശികമായി ഗോൾഡൻ ടെംപിൾ എന്നറിയപ്പെടുന്നു.

അന്ന് വൈകിട്ട് അടുത്ത് തന്നെയുള്ള ഒരു റിസോർട്ടിൽ താമസ സൗകര്യം കിട്ടി.

രാവിലെ വീണ്ടും കോളനിയിലേക്ക്, അവിടെ അടുത്ത് തിരക്കുള്ള ഒരു ഭക്ഷണശാലയിൽ നിന്ന് പ്രാതൽ കഴിച്ചുയാത്ര ആരംഭിച്ചു. അവിടെനിന്നു നേരെ കുശാൽനഗർ ബസ്റ്റാന്റ്, പിന്നെ മടിക്കേരി, അവിടെനിന്നു വീണ്ടും ലഘു ഭക്ഷണം കഴിച്ചു.

മടിക്കേരിയിൽ നിന്ന് തലശ്ശേരിക്കു നേരിട്ടുള്ള ബസ് സർവീസ് അന്ന് ഇല്ലാത്തതു കൊണ്ട് രണ്ടു ബസ് പിടിക്കേണ്ടിവന്നു. വൈകിട്ട് 6:30 ആണ് തലശ്ശേരിയിൽനിന്നും തിരുവനന്തപുരം ബസ് ബുക്ക് ചെയ്തത് അതുകൊണ്ടു സമയത്തിന് എത്തുമോയെന്നു ഒരു ശംഖ. ഏകദേശം വൈകിട്ട് 5:50 ആയപ്പോൾ തലശ്ശേരി ബസ്സ്റ്റാൻഡ് എത്തി. എന്തുവന്നാലും തലശ്ശേരി ബിരിയാണി അവിടെ നിന്ന് തന്നെ കഴിക്കണം എന്ന കടുത്ത മോഹവും ആയി അടുത്ത് തന്നെയുള്ള തിരക്കുള്ള ഒരു കടയിൽ കയറി. ബിരിയാണി ഓർഡർ ചെയ്തു, അത് സൂപ്പർ ആയതുകൊണ്ട് ഒരു പ്ലേറ്റ് നെയ്ച്ചോറും അയലക്കറിയും കൂടി ഓർഡർ ചെയ്തു. കഴിച്ചു കഴിഞ്ഞപ്പോൾ ഏകദേശം 6:25 നേരെ ബസ്‌സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു ഉടനെ തന്നെ വണ്ടി എത്തി.

നല്ല ഹരിതഭംഗി സമ്മാനിച്ച കുടകിനെയും, നല്ല ബിരിയാണി സമ്മാനിച്ച തലശ്ശേരിയെയും യാത്രപറഞ്ഞു വീണ്ടും തിരുവനന്തപുരത്തേക്ക്.

You Might Also Like:

© KeralaCelebrities.com 2008